ദിവസവും രാവിലെ പ്രാതലിനു മുന്നേയുള്ള കുളി മലയാളികളുടെ ശീലമാണ്. ആമാശയത്തിലെത്തിയ ഭക്ഷണം ദഹിപ്പിക്കാനായി പേശികളിൽ നിന്നും രക്തയോട്ടം വയറിലേക്കു ശരീരം തിരിച്ചു വിടാറുണ്ട്. അതിനാൽ പ്രാതലിനു മുൻപുള്ള കുളി ഉത്തമമാണ്. ഭക്ഷണശേഷം ഉടനേ കുളിക്കുന്നത് ശരീര താപനില കുറയ്ക്കും. ഇത് രക്തപ്രവാഹം കുറയ്ക്കാം.
ശരീരത്തിലടിഞ്ഞു കൂടുന്ന വിയർപ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കുകയാണ് കുളികൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ നോക്കിയാൽ പ്രഭാതത്തെക്കാൾ വൈകുന്നേരങ്ങളാകും കുളിക്കാനുത്തമം. രാവിലെയും വൈകിട്ടും കുളി ശീലമാക്കിയവരുമുണ്ട്. ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നഷ്ടമാകുമെന്നും അണുബാധ സാധ്യത വർധിക്കുമെന്നും ചില പഠനങ്ങളുണ്ട്. എന്നാൽ ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള കേരളത്തിൽ വിയർക്കാനുള്ള സാധ്യതയും കൂടിയതിനാൽ ദിവസവും കുളിക്കുന്നതാണ് മലയാളികളുടെ ചർമാരോഗ്യത്തിനു നല്ലതെന്നാണ് വിദഗ്ധാഭിപ്രായം.

സൈനസൈറ്റിസ്, ജലദോഷം എന്നിവയ്ക്കു സാധ്യതയുള്ളവർ സന്ധ്യ കഴിഞ്ഞു തല കുളിക്കാതിരിക്കുന്നതാണ് ഉത്തമം. തല പെട്ടെന്നു തണുക്കുന്നത് ചിലപ്പോൾ അസുഖങ്ങളുണ്ടാക്കാമെന്നതിനാൽ കാലിൽ വെള്ളമൊഴിച്ചു വേണം കുളി തുടങ്ങാനെന്നാണ് പഴമക്കാർ പറയുന്നത്. തലയാണ് ആദ്യം കഴുകുന്നതെങ്കിൽ വെള്ളം താഴുന്നതിനു മുന്നേ തോർത്തി നനവു മാറ്റണമെന്ന് ആയുർവേദം പറയുന്നു. പതിവായി തല കുളിക്കുന്നത് മുടിയിലെ പ്രകൃതിദത്തമായ എണ്ണമയം കഴുകിക്കളയുമെന്നും മുടി വരണ്ടതാക്കുമെന്നും ചർമരോഗ വിദഗ്ധർ പറയുന്നു.

source : manoramaonline.com