ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം. എന്നാല്‍ ലോകത്ത് ഹൃദയാഘാതം മൂലം മരിക്കുന്നത് കൂടുതലും സ്ത്രീകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. യുഎസിലെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ് പഠനം നടത്തിയത്. മിനിറ്റില്‍ ഒരു സ്ത്രീ ഹൃദയാഘാതം മൂലം മരിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്.
80 ശതമാനം ഹൃദയാഘാതത്തെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നമ്മുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നും പഠനം പറയുന്നു. പുരുഷന്മാരേയപേക്ഷിച്ച് സ്ത്രീകളിലുണ്ടാകുന്ന ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത്. അതേസമയം, സ്ത്രീകളിലും പുരുഷന്മാരിലും  ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍.

സ്ത്രീകളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ നോക്കാം...  
1. വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാകാം.
2. സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. ഹാര്‍ട്ട് അറ്റാക്കിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് പറയുന്നു.
3.പിരിമുറുക്കത്തിനും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍  ബന്ധമുണ്ട്. ഇതേതുടര്‍ന്ന് നെഞ്ചുവേദനയും ഉണ്ടായെന്ന് വരാം.
4.കൈകാലുകള്‍, സന്ധികള്‍, പുറംഭാഗം, ഷോള്‍ഡര്‍ എന്നിവിടങ്ങളിലെ വേദന ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
5.ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചിലപ്പോള്‍ കാരണമില്ലാതെ കിതപ്പുതോന്നുകയാണെങ്കിലും സൂക്ഷിക്കണം.
6. ദഹനവ്യവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുറമേ നെഞ്ചെരിച്ചില്‍, അടിവയറ്റില്‍ കനം തോന്നുക, തലക്ക് ലഹരി പിടിച്ച പോലെ തോന്നുക, ഛര്‍ദ്ദി, തുടങ്ങിയ ലക്ഷണങ്ങളെയെല്ലാം ശ്രദ്ധിക്കണം.

source : asianetnews.com