ദിവസം തുടങ്ങുമ്പോള്‍ ചായയായാലും കാപ്പിയായാലും കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വെറും വയറ്റില്‍ കുടിക്കുന്നത്. അത്ര നല്ല ശീലമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാവിലെ ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് ഉയര്‍ന്നുനില്‍ക്കും. രക്തത്തിലെ പഞ്ചസാര നിരക്ക് താഴുക, മാനസിക സംഘര്‍ഷം തുടങ്ങിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇതിന്റെ അളവ് കൂടിനില്‍ക്കുമ്പോള്‍ കഫീന്‍ ശരീരത്തിലെത്തിയാല്‍ രണ്ട് തരം പ്രശ്‌നങ്ങള്‍ക്കാണ് സാധ്യത. ഒന്ന് ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉത്പാദനത്തില്‍ കഫീന്‍ ഇടപെടും. അതോടെ കോര്‍ട്ടിസോള്‍ ഉത്പാദനം കുറയാം. കഫീന്‍ ടോളറന്‍സ് വര്‍ധിക്കുമെന്നതാണ് അടുത്തകാര്യം. അതിനാല്‍ രാവിലെ പത്ത് മണിക്കും ഉച്ചയ്ക്കും ഇടയിലും രണ്ട് മണിക്കും അഞ്ച് മണിക്കും ഇടയില്‍ കാപ്പി/ചായ കുടിക്കുന്നതാണ് മികച്ച സമയമെന്നും പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ദഹനാമ്ലങ്ങളെ പ്രകോപിപ്പിക്കുകയും ദഹനപ്രശ്‌നങ്ങള്‍ക്ക് ഇടയ്ക്കുകയും ചെയ്യും. എന്തെങ്കിലും ലഘുവായി കഴിച്ചശേഷം മാത്രം കാപ്പി  കുടിക്കുന്നതാവും നല്ലത്. ചായ ശരീരത്തിലെ ജലാംശം നീക്കുന്ന ഡൈയൂറൈറ്റിക് പാനീയമാണ്.രാത്രിയിലെ നോമ്പിനു ശേഷം നിര്‍ജലീകരിക്കപ്പെട്ടിരിക്കുന്ന ശരീരത്തില്‍ നിന്നും വീണ്ടും ജലാംശം നഷ്ടപ്പെട്ടാല്‍ എന്താകും അവസ്ഥ? അത് ശരീരത്തിലെ സോഡിയം പൊട്ടാസ്യം പോലുള്ള ധാതുക്കള്‍ കുറയാനിടയാക്കും.


രാവിലെ എന്ത് കുടിക്കണം?
രാവിലെ വെറും വയറ്റില്‍ കുറഞ്ഞത് രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതാണ് നല്ലത്. ദഹനപ്രശ്‌നങ്ങളെ അകറ്റാനും ദിവസത്തേക്ക് ശരീരത്തിന് പ്രവര്‍ത്തിക്കാനവശ്യമായ ഊര്‍ജം ലഭിക്കാനും ഇത് സഹായിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.


source : mathrubhumi.com