ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയ ബേബി ഷാംപൂ ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടു. ഷാംപൂവിൽ അർബുദത്തിന് കാരണമാകുന്ന ഫോർമാൽഡഹൈഡ് ഉൾപ്പെടെയുള്ള മാരകവസ്തുക്കളുടെ സാന്നിധ്യമുള്ളതായി രാജസ്ഥാൻ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ (ആർ.ഡി.സി.ഒ.) നടത്തിയ പരിശോധനയിൽ കണ്ടെത്തി. പരിശോധനയ്ക്കെത്തിച്ച രണ്ട് ബാച്ച് ഷാംപൂവിലും ഫോർമാൽഡഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ജോൺസൺ ആൻഡ് ജോൺസൺ പ്ലാന്റിൽ ഉത്പാദിപ്പിച്ച ഷാംപൂവിന്റെ സാമ്പിളുകളാണ് പരിശോധിച്ചത്. ഏകദേശം ഒരു ലക്ഷത്തോളം കുപ്പി ഷാംപൂവാണ് രണ്ട് ബാച്ചുകളിലായുള്ളത്. ഷാംപൂ വിപണിയിൽനിന്ന് പിൻവലിക്കാനും അവ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും രാജസ്ഥാൻ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ മാർച്ച് 5-ന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കടപ്പാട് : mathrubhumi.com