അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. തടി കുറയ്ക്കാനായി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും അപകടം വിളിച്ചുവരുത്തും.  ഡയറ്റ് സൃഷ്ടിക്കുന്ന രോഗങ്ങളില്‍ നിന്നുളള മരണ നിരക്ക്, പുകവലിയുണ്ടാക്കുന്ന അപകടത്തെക്കാള്‍ എത്രയോ വലുതാണെന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ആരോഗ്യ ശാസ്ത്ര പഠനവിഭാഗത്തിലെ ഒരുകൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. ലോകത്ത് അഞ്ചില്‍ ഒരാള്‍ മരിക്കുന്നത് അശാസ്ത്രീയമായ ഡയറ്റ് കാരണമാണെന്നും ലാന്‍സറ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഡയറ്റിന്‍റെ ഭാഗമായി പലരും കഴിക്കുന്ന ജങ്ക് ഫുഡിലെ ഉപ്പും സോസും കൃത്രിമ രാസപദാര്‍ഥങ്ങളെല്ലാം രോഗിയാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഹൃദയസംബന്ധമായ പല രോഗങ്ങളുടെയും തുടക്കം അശാസ്ത്രീയ ഡയറ്റാണെന്നും പഠനം പറയുന്നു. ശരീരത്തില്‍ നട്സ് , പച്ചക്കറികള്‍, മത്സ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓമേഗ-3 ഫാറ്റി ആസിഡ്, നാരുകള്‍ എന്നിവയുടെ അളവ് കുറയുന്നതും അപകടത്തിനിടയാക്കുന്നു.
അമിതമായ ഉപ്പ് ശരീരത്തിലെത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനിടയാക്കുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഹൃദയത്തെ സംരക്ഷിക്കും. സോയ സോസ് സംസ്കരിച്ച മാംസം, ഫ്രഞ്ച് ഫ്രൈസ് എന്നിവ ക്യാന്‍സര്‍, പ്രമേഹം വരാനുളളള സാധ്യത കൂട്ടും. അമിതയളവിലുളള ഉപ്പ്, പഴവര്‍ഗങ്ങളിലെ പ്രോട്ടീന്‍ ലഭ്യതക്കുറവ്, ധാന്യങ്ങളുടെ ലഭ്യത കുറവ് എന്നിവ കൊണ്ടാണ് അപകടം വരുന്നതെന്നാണ് പഠനം പറയുന്നത്.

source : Asianetnews.com