പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാതെ കണ്ണുകളെ ബാധിക്കുകയും തിരിച്ചറിഞ്ഞ് ചികിൽസിക്കാതിരുന്നാൽ കാഴ്ച പൂർണമായും നഷ്ടമാക്കുകയും ചെയ്യുന്ന നേത്രരോഗമാണ് ഗ്ലോക്കോമ . വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു അസുഖം കൂടിയാണിത്. ഗ്ലോക്കോമ മൂലമുണ്ടാകുന്ന  പ്രത്യാഘാതങ്ങളെക്കുറിച്ച്  ജനങ്ങൾക്കും അവബോധമില്ല. ഇപ്പോഴത്തെ കണക്ക് പ്രകാരം ലോകമെമ്പാടും 6 കോടി ഗ്ലോക്കോമ രോഗികളാണുള്ളത്.  ഇത് 2020 ആകുമ്പോഴേക്കും 8 കോടി ആയി വർധിക്കുമെന്നാണ് സൂചന. 40 വയസ്സിനു മുകളിലുള്ളവരിൽ 2.65% ആളുകൾക്ക് ഗ്ലോക്കോമ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ 12.8% അന്ധതയും ഗ്ലോക്കോമ മൂലമാണെന്ന്  വിവിധ പഠനങ്ങളിലും കണ്ടെത്തിയിരിക്കുന്നു.
ഏത് പ്രായക്കാരിൽ
എല്ലാ പ്രായക്കാരിലും കണ്ണിന്റെ അകത്ത് മർദ്ദം കൂടുന്ന അസുഖം അഥവാ ഗ്ലോക്കോമ വരാൻ സാധ്യതയുണ്ട്. ഇത് നവജാത ശിശുക്കളിലാണെങ്കിൽ കൺജനിറ്റൽ ഗ്ലോക്കോമയായും, കൗമാരക്കാരിൽ ജുവനൈൽ ഗ്ലോക്കോമയായും, മുതിർന്നവരിൽ പ്രൈമറി ഓപ്പൺ ആംഗിൾ ഗ്ലോക്കോമ അല്ലെങ്കിൽ ആംഗിൾ  ക്ലോഷർ ഗ്ലോക്കോമയായും കാണപ്പെടാം.
ലക്ഷണങ്ങൾ
മിക്കവാറും ആളുകളിലും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറില്ല. എന്നാൽ ചിലർക്ക് തലവേദന, കണ്ണ്‌വേദന, കണ്ണിന് ചുവപ്പ് നിറം, കൃഷ്ണമണിയിൽ നിറവ്യത്യാസം എന്നീ ലക്ഷണങ്ങൾ കാണാറുണ്ട്.
എങ്ങനെ കണ്ടെത്താം
ഗ്ലോക്കോമയ്ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ മിക്കവാറും കാണാറില്ലാത്തതുകൊണ്ടുതന്നെ 40 വയസിന് ശേഷം കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന നടത്തുകയും ആവശ്യമെങ്കിൽ കാഴ്ചയുടെ ഫീൽഡ് ടെസ്റ്റ്, കണ്ണിന്റെ ഞരമ്പിന്റെ സ്‌കാൻ (ഒ.സി.ടി) എന്നിവ നടത്തിയും ഗ്ളോക്കോ കണ്ടെത്താം.
ചികിത്സ
അന്ധതയുണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അസുഖമാണ്  ഗ്ലോക്കോമ. ഈ നേത്രരോഗം ചികിത്സകൊണ്ട് പാടെ തുടച്ചുമാറ്റുക എന്നത് സാധ്യമല്ല. നഷ്ടപ്പെട്ട കാഴ്ച തിരിച്ച് പിടിക്കുവാനും കഴിയില്ല. മരുന്ന് കൊണ്ടുള്ള ചികിത്സ എടുത്താലും, ഓപ്പറേഷൻ ആണെങ്കിലും എവിടെയാണോ നഷ്ടപ്പെട്ടത് ബാക്കിയുള്ള കാഴ്ച നമുക്ക് അതുപോലെ നിലനിർത്താൻ സാധിക്കും.  ഗ്ലോക്കോമ എന്നത് വളരെക്കാലം നിലനിൽക്കുന്ന ഒരു അസുഖം ആയതുകൊണ്ടുതന്നെ ജീവിതകാലം മുഴുവനും ശ്രദ്ധിക്കേണ്ടതുണ്ട്. 10% പേർക്ക് കൃത്യമായി ചികിത്സിച്ചാലും അന്ധത ഉണ്ടാകാനിടയുണ്ട്.
പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കാതെ കാഴ്ച പൂർണമായും നഷ്ടപ്പെടുത്തുന്ന ഈ വില്ലനെ കൃത്യമായ ഇടവേളകളിലെ പരിശോധനയിലൂടെ അകറ്റി നിറുത്താനുള്ള  അവബോധവും ജാഗ്രതയുമാണ് ആർജിക്കേണ്ടത്.
ഗ്ലോക്കോമ മൂലമുള്ള അന്ധത ലോകത്തു നിന്ന് തുടച്ചു നീക്കാൻ  ലോക ഗ്ലോക്കോമ അസോസിയേഷന്റെയും ലോക ഗ്ലോക്കോമ പേഷ്യന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ ലോകവ്യാപകമായി 10 മുതൽ 16 വരെയാണ് ബോധവൽക്കരണ വാരം ആചരിക്കുന്നത്.

ഡോ. ആർ.ഗോപാൽ,
മെഡിക്കൽ സൂപ്രണ്ട്
ദി ഐ ഫൗണ്ടേഷൻ -സൂപ്പർ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ, ഇടപ്പള്ളി

source : manoramaonline.com