പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞാലാണ് നടുവേദനയൊക്കെ തലപൊക്കുന്നത്. എന്നാല്‍ ഇന്ന് അതിനു പ്രായമൊന്നുമില്ല. ചെറുപ്പക്കാര്‍ മുതല്‍ ടീനേജ് കുട്ടികള്‍ വരെ നടുവേദനയ്ക്ക് ചികിത്സ തേടുന്നുണ്ട്. എന്തുകൊണ്ടാണ് നടുവേദന ഇത്ര അധികരിച്ചതെന്നു നോക്കാം.
കളിക്കളത്തിലെ പരിക്കുകള്‍, നട്ടെല്ലിന്റെ പ്രശ്നങ്ങള്‍, അമിതവ്യായാമം, സ്‌ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉണ്ട് ഇതിനു പിന്നില്‍. ജന്മനാ നട്ടെല്ലിനു വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ നടുവേദന ആരംഭിക്കാറുണ്ട്. ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസ്സെയിന്‍ ബോള്‍ട്ട് നട്ടെല്ലില്‍ ചെറിയ വളവോടെ ജനിച്ച ആളാണ്‌. ഹോളിവുഡ് താരം എലിസബത്ത്‌ ടെയ്‌ലര്‍ scoliosis എന്ന അവസ്ഥയുള്ള ആളാണ്‌. സ്പൈനല്‍ കോര്‍ഡ് വശങ്ങളിലേക്ക് വളയുന്ന രോഗമാണിത്.

അതുപോലെതന്നെ കൗമാരത്തില്‍ നടുവേദനയുമായി എത്തുന്ന മിക്കകുട്ടികളും പുകവലി, മദ്യപാനം, വിഷാദരോഗം എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഉള്ളവരാണ് എന്നതും ശ്രദ്ധേയമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാതാപിതാക്കളും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. അവരുടെ ജീവിതചര്യയാണ് മിക്കപ്പോഴും കുട്ടികളും പിന്തുടരുന്നത്. ഒരുപാട് നേരം ഒരെയിരുപ്പ് ഇരിക്കാതെ കുട്ടികളെ ചെറുപ്പത്തില്‍തന്നെ കൂടുതല്‍ ആക്റ്റിവിറ്റികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം. സ്പോര്‍ട്സില്‍ ഉണ്ടാകുന്ന പരിക്കുകള്‍ക്ക് ചികിത്സ തേടുക എന്നിവ നിര്‍ബന്ധമായും ചെയ്യണം. ഒപ്പം തന്നെ കുട്ടികള്‍ കളിക്കുമ്പോള്‍ എപ്പോഴും മാതാപിതാക്കളുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സൈക്ലിങ്, സ്കേറ്റിങ് പോലുള്ളവ പഠിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഉള്‍പ്പെടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.  കാര്‍ സീറ്റ് ധരിപ്പിച്ചു വേണം കുട്ടികളെ ചെറുപ്രായത്തില്‍ യാത്രചെയ്യിക്കാന്‍ എന്നതും പ്രധാനമാണ്.

source : manoramaonline.com