അയഡിന്റെ അഭാവം മൂലമുള്ള രോഗങ്ങൾ ഒഴിവാക്കാനാണ് അയഡിൻ ചേർന്ന ഉപ്പ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. അതിനു മുമ്പ് കറികളിലും മറ്റും കല്ലുപ്പ് ആണ് ചേർത്തിരുന്നത്. എന്നാൽ ഇനി കല്ലുപ്പിലേക്കു മടങ്ങുന്നതാകും ആരോഗ്യകരമെന്നാണ് ഗവേഷകനായ രാജേഷ് ചൗഹാൻ നടത്തിയ പഠനങ്ങൾ നൽകുന്ന സൂചന. ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളും ഇദ്ദേഹം ഗവേഷണത്തിനായി വിശകലനം ചെയ്തിരുന്നു. അയഡിൻ ചേർന്ന ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും. ഹൃദയാഘാതം, പക്ഷാഘാതം മുതലായവയിലേക്കു നയിക്കുന്നതാണ് ഉയർന്ന രക്തസമ്മർദം.
പതിവായി കല്ലുപ്പ് കഴിക്കുന്നവരെ അപേക്ഷിച്ച് അയഡൈസ്ഡ് ഉപ്പ് കഴിച്ചവരിൽ ഉയർന്ന രക്തസമ്മർദത്തിന് സാധ്യത കൂടുതലാണെന്ന് ആഗ്രയിൽ 100 മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനത്തിൽ കണ്ടു.

അയഡൈസ്ഡ് ഉപ്പ് പതിവായി കഴിക്കുന്നവരെ, അയഡിൻ അടങ്ങിയതെങ്കിലും കഴുകിയശേഷം കല്ലുപ്പ് ഉപയോഗിക്കുന്നവരുമായാണ് താരതമ്യം ചെയ്തത്. കഴുകുമ്പോൾ കല്ലുപ്പിലെ അയഡിൻ നീക്കം ചെയ്യപ്പെടും. അയഡിന്റെ അമിത ഉപയോഗം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയും ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുമെന്നും പഠനം പറയുന്നു.

‌അയഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ നിർമാർജ്ജനം ചെയ്യാനായി പൊതുജനാരോഗ്യ പദ്ധതിയുടെ ഭാഗമായി 1992 മുതലാണ് ഇന്ത്യയിൽ അയഡൈസ്ഡ് ഉപ്പ് ഉപയോഗിച്ചു തുടങ്ങിയത്. ഏതെങ്കിലും പ്രത്യേക സ്ഥലത്ത് അയഡിന്റെ അഭാവം ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെയാണ് എല്ലായിടത്തും ഇതുപയോഗിച്ചു തുടങ്ങിയത്.
ഉപ്പിലെ സോഡിയത്തിന്റെയും അയഡിന്റെയുമൊക്കെ അളവ് കാലാകാലം വ്യത്യാസപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യം നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും അയഡിൻ ഇല്ലാത്ത ഉപ്പ് വിപണിയിൽ ലഭ്യമാക്കണമെന്നും പഠനം പറയുന്നു.   

source : Manoramaonline.com