തിവായി രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ഷുഗറും പരിശോധിക്കുന്നവര്‍പോലും അവഗണിക്കുന്ന ഒന്നുണ്ട്. ട്രൈഗ്ലിസറൈഡുകള്‍. എന്നാല്‍ രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ന്നാല്‍ അത് ഹൃദ്രോഗത്തിന് കാരണമാകും. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ജീവിതശൈലികൊണ്ട് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ കഴിയും.

എന്താണ് ട്രൈഗ്ലിസറൈഡുകള്‍
രക്തത്തില്‍ കാണപ്പെടുന്ന ഒരിനം കൊഴുപ്പാണിത്. ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജം ട്രൈഗ്ലിസറൈഡായി മാറുന്നു. കൊഴുപ്പുകോശങ്ങളിലാണ് ഇവ ശേഖരിക്കുന്നത്. ഭക്ഷണത്തിന്റെ ഇടവേളകളില്‍ ഊര്‍ജാവശ്യം നിറവേറ്റണമെങ്കില്‍ ഇവ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.
നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജത്തേക്കാള്‍ കൂടുതല്‍ കലോറി തരുന്ന ഭക്ഷണം (ഉദാഹരണമായി അന്നജം കൂടുതലുള്ളവ) പതിവായി കഴിക്കുമ്പോള്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും.
അളവ്
ലളിതമായ രക്തപരിശോധനകൊണ്ട് ട്രൈഗ്ലിസറൈഡിന്റെ അളവ് കണ്ടെത്താം.
ആരോഗ്യകരം                   150mg/dL
അനാരോഗ്യകരാകാവുന്നത്   150-199 mg/dL
ഉയര്‍ന്നത്                     200-499  mg/dL
വളരെ ഉയര്‍ന്നത്             500mg/dL or above


എന്നിങ്ങനെയാണ് ട്രൈഗ്ലിസറൈഡുകളുടെ അളവ് സംബന്ധിച്ച നിര്‍ദേശം. ഇതില്‍ അളവ്   150mg/dL നിര്‍ത്തുന്നതാണ് ആരോഗ്യകരം.
കൊളസ്‌ട്രോള്‍ കോശങ്ങളും ചിലയിനം ഹോര്‍മോണുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുമ്പോള്‍, ട്രൈഗ്ലിസറൈഡുകള്‍ ഉപയോഗിക്കപ്പെടാത്ത കലോറി കോശങ്ങളില്‍ ശേഖരിച്ച് ആവശ്യമെങ്കില്‍ മാത്രം ഊര്‍ജമായി മാറ്റുന്നു. ഇതാണ് കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും  തമ്മിലുള്ള വ്യത്യാസം.
ട്രൈഗ്ലിസറൈഡ്  കൂടുമ്പോള്‍
രക്തധമനികള്‍ക്ക് പ്രത്യേകിച്ച് അതിന്റെ ഭിത്തികള്‍ക്ക് കട്ടികൂടുന്നതാണ് രക്തത്തില്‍ ട്രൈഗ്ലിസറൈഡ് കൂടിയാലുള്ള കുഴപ്പം. ഇത് മസ്തിഷ്‌കാഘാതം,ഹൃദ്രോഗം,ഹൃദയസ്തംഭനം,പാന്‍ക്രിയാസില്‍ വീക്കം ഇവയ്ക്ക് കാരണമായേക്കാം.
ട്രൈഗ്ലിസറൈഡ് ഉയര്‍ന്ന് നില്‍ക്കുന്നത് മറ്റുചില അസുഖങ്ങളുടെ സൂചനയായി വിലയിരുത്താറുണ്ട്.പ്രമേഹം, ഹൃദ്രോഗങ്ങള്‍ ഇവ ഇത്തരക്കാരില്‍ ഉണ്ടാകാനിടയുണ്ട്. അമിതവണ്ണം, ഇടുപ്പില്‍ കൊഴുപ്പടിയുക ഇവയും അനുബന്ധമായി ഉണ്ടായേക്കാം.
ചിലപ്പോള്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം. ഈസ്ട്രജന്‍ ആന്‍ഡ് പ്രോജസ്റ്റിന്‍, റെറ്റിനോയ്ഡ്‌സ്, സ്റ്റീറോയ്ഡ്‌സ്, ഡിയൂറെറ്റിക്‌സ് ഇവയടങ്ങിയ മരുന്നുകളാണ് പ്രശ്‌നമുണ്ടാക്കുന്നത്.
പ്രതിരോധം  
പതിവായുള്ള വ്യായാമം,ശരീരഭാരം കുറയ്ക്കുക,മധുരവും അന്നജവും ഒഴിവാക്കല്‍,ആരോഗ്യകരമായ കൊഴുപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, മദ്യാപാനം ഒഴിവാക്കുക  ഇവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. 

source : mathrubhumi.com/health