പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഡി സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകുന്നു. അണ്ഡോത്പാദനത്തെയും സാരമായി ബാധിക്കും. ക്രമേണ വന്ധ്യതയിലേക്കും നയിക്കുന്നു. പിസിഒഡിയുടെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും ജനിതകവും ഒപ്പം ജീവിതചര്യകളും ഇതിനു പിന്നിലുണ്ട്.

ആര്‍ത്തവക്രമക്കേടുകള്‍ . അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍. ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, വലിയ ഇടവേളകൾക്കു ശേഷം അമിതമായോ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നതോ ആയ രക്തസ്രാവം ഉണ്ടാകുക, ആർത്തവം തന്നെ നിലച്ചുപോകുക, അമിതവണ്ണം, മുഖക്കുരു, പുരുഷന്മാരിൽ കാണപ്പെടുന്ന തരത്തിലുള്ള രോമവളർച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം.

ബാലന്‍സ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിഒഡിയെ ചെറുക്കാനുള്ള ആദ്യപടി; ഒപ്പം വ്യായാമവും. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്ന അമിതവണ്ണവും തന്മൂലം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളുമാണ് ഇതിന്റെ കാരണം. പിസിഒഡിയെ ഒരുപരിധി വരെ നമുക്ക് തടുക്കാം. അതിനു പ്രധാനമായും ചെയ്യേണ്ടത് ഇതൊക്കെയാണ്.

വ്യായാമവും പിസിഒഡി യെ ചെറുക്കാനുള്ള വഴിയാണ്.

 വലിയ തോതിലല്ലെങ്കില്‍പ്പോലും ശരീരം അനങ്ങുന്ന വിധം എന്തെങ്കിലും വ്യായാമം നിത്യവും ശീലിക്കണം. ചികിത്സിച്ചില്ലെങ്കിൽ പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യത കൂടുതലാണ്. ഇൻസുലിൻ ഹോർമോൺ ശരിയായി പ്രവർത്തിക്കാത്തതുമൂലം രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടി പ്രമേഹം ഉണ്ടാകുന്നുണ്ട്. ഇതിനൊക്കെ പരിഹാരം എന്ന നിലയിലാണ് വ്യായാമം നിര്‍ദേശിക്കുന്നതും. ശരീരത്തിലെ pH ലെവല്‍ എപ്പോഴും ക്രമപ്പെടുത്തുക എന്നതും പ്രധാനമാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതും നല്ലതാണ്. രാവിലെ ഉണര്‍ന്ന ഉടൻ ധാരാളം വെള്ളം കുടിക്കുക , നാരങ്ങനീരു ചേർത്ത ചൂടു വെള്ളം കുടിക്കുക, ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിക്കുക എന്നിവയെല്ലാം ഇതിന് സഹായിക്കും.


ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് പ്രതിരോധശേഷി കൂട്ടുകയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ കാലറി ഏറെയുളള പ്രഭാത ഭക്ഷണവും കാലറി ഒട്ടുമില്ലാത്ത അത്താഴവും ശീലിക്കുക വഴി ഇന്‍സുലിന്‍ ഉൽപാദനം കുറയ്ക്കാനും പിസിഒഡിക്കു പരിഹാരം കാണാനും കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

source : manoramaonline.com