രക്താർബുദം (Blood Cancer) പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ). രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശദാനവും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം ( Blood Group Match ) വേണ്ടതുപോലെ രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്.

കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്.

മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു.

പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്.

അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ഇന്ത്യയിലുള്ള ഒരാൾക്ക് ഇവിടെനിന്നു മാത്രമേ ജനിതക സാമ്യമുള്ള രക്തമൂലകോശം കിട്ടാനിടയുള്ളൂ എന്നുചുരുക്കം. HLA Typing : HLA (Human Leukocyte Antigen) Typing ആണ് രക്തമൂലകോശദാനത്തിനു ജനിതക സാമ്യം നിർണയിക്കുന്നത്. 8 മുതൽ 10 ആഴ്ച വരെ വേണം ഒരു HLA Typing ചെയ്ത് Report ലഭിക്കുവാൻ. അതിനാൽ രക്തമൂലകോശം ആവശ്യം വരുമ്പോൾ HLA നോക്കാം എന്നു വിചാരിക്കുന്നത് പ്രശ്നം വലുതാക്കുന്നു.
കൃത്യ സമയത്ത് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനാവാതെ വരുമ്പോൾ രോഗിയുടെ അവസാന പ്രതീക്ഷയും ഇല്ലാതാകുന്നു.

Blood Stem Cell Donors Registry:


ലോകത്തെമ്പാടുമുള്ള donors Registries ചെയ്യുന്നത്, HLA Typing Reports ന്റെ വലിയൊരു വിവരശേഖരം ഉണ്ടാക്കുകയാണ്. അതുവഴി ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. ആവശ്യക്കാർക്ക് ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുവാൻ donor registries നെ സമീപിക്കാം. ലോകമെമ്പാടുമായി അൻപതോളം donor registries ൽ ആയി ദശലക്ഷക്കണക്കിന് ആളുകൾ HLA റജിസ്ട്രേഷൻ ചെയ്തിട്ടുമുണ്ട്.
എന്നിരുന്നാലും അവയിൽ ഇന്ത്യയിൽ നിന്നുള്ളവർ കുറവാണെന്നതിനാൽ ഇവിടെയുള്ള രോഗികൾക്ക് സഹായകരമാവുന്നില്ല. ഇന്ത്യയിലെ donor registry ൽ റജിസ്റ്റർ ചെയ്താൽ ഇതിനൊരു പരിഹാരമാവും. ആയിരക്കണക്കിന് രോഗികളാണ് donor registries ൽ രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്നത്. ഇവരിലേറെയും കൊച്ചു കുട്ടികളാണ്.

കൂടുതൽ ആളുകൾ രക്തമൂലകോശ ദാനത്തെയും അതിന്റെ പ്രാധാന്യത്തെയും പറ്റി മനസിലാക്കണം. കഴിയുന്നത്ര ആളുകൾ donor registry ൽ HLA റജിസ്റ്റർ ചെയ്യുകയും വേണം. നാളെ ചിലപ്പോൾ നമ്മളിലാർക്കും രക്തമൂലകോശം ആവശ്യമായിവരാം. അല്ലെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ നമുക്കായെന്നും വരാം. 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും രക്തമൂലകോശദാതാവായി റജിസ്റ്റർ ചെയ്യാം.

രക്തമൂലകോശ ദാനപ്രക്രിയയെ പറ്റി മനസ്സിലാക്കുക, പേരും മേൽവിലാസവും നൽകുക. ഒരു ചീക്ക് (കവിൾ) സ്വാബ് സാമ്പിൾ നൽകുക - HLA നിർണയിക്കുന്നതിനായി , അണുനശീകരിച്ച പഞ്ഞി ഉൾകവിളിൽ ഉരസി കോശങ്ങളുടെ സാമ്പിൾ എടുക്കുന്നു. HLA Typing ശേഷം വിവരങ്ങൾ donor registry ൽ സൂക്ഷിക്കുന്നു. രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്ന ആർക്കെങ്കിലും നിങ്ങളുടെ HLA യോജിച്ചാൽ, അവർ നിങ്ങളെ അറിയിക്കും. ദാതാവാകാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ മാത്രം ദാന പ്രക്രിയയിലേക്ക് പോകാം.

രക്തമൂലകോശദാനം എങ്ങനെ ?

HLA Typing സ്ഥിരീകരിക്കുന്നതിനായി രക്തസാമ്പിളുകൾ ശേഖരിക്കുന്നു.

ഒരു ആരോഗ്യ പരിശോധന നടത്തുന്നു. ദാതാവിനു മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്നു ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണിത്.

മജ്ജയിലുള്ള രക്തമൂലകോശങ്ങളെ രക്തത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയുന്നതിന് മുൻപ് തുടർച്ചയായി 5 ദിവസം ഓരോ GCSF Injection എടുക്കുന്നു.

അഞ്ചാം ദിവസം 3-4 മണിക്കൂറുകൾ കൊണ്ട് ദാനം നൽകുന്ന രക്തത്തിൽ നിന്നു മൂലകോശങ്ങൾ മാത്രം വേർതിരിച്ചത്തിനു ശേഷം രക്തം തിരികെ നൽകുന്നു.

കോശം ദാനം ചെയ്യാൻ രോഗിയുള്ള സ്ഥലത്തേക്കു പോകേണ്ടതില്ല.

ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗി എവിടെയാണോ അവിടെയ്ക്ക് donor registry എത്തിച്ചുകൊടുത്തുകൊള്ളും.

രക്തമൂലകോശം ദാനം ചെയ്യാൻ ദാതാവിന് ആശുപത്രി വാസം ആവശ്യമില്ല.

GCSF Injections ദാതാവിന്റെ ദിനചര്യയ്ക്ക് തടസ്സമാകുന്നില്ല.

കേരളത്തിൽനിന്ന് HLA റജിസ്റ്റർ ചെയ്യേണ്ടവർക്ക് ദാത്രിയുടെ (DATRI Blood Stem Cell Donors Registry) സേവനം ലഭ്യമാണ്. ഇന്ത്യയിൽ 395,827 ആളുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, 521 പേർ രക്തമൂലകോശദാനം നടത്തിയിട്ടുണ്ട്.

കടപ്പാട് : ABY SAM JOHN (Head- Donor Recruitment and Counselling Datri Blood Stem cell Donor Registry)