ഷാംപൂ മടുത്തെങ്കില്‍ വീട്ടില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചുള്ള ഈ നുറുങ്ങുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ, നാച്ചുറല്‍ ഉത്പന്നങ്ങള്‍ ആയതിനാല്‍ തന്നെ ഇവയ്ക്ക് പാര്‍ശ്വഫലങ്ങളും കുറവായിരിക്കും.

നാരാങ്ങ നീര്
തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കി നിലനിര്‍ത്താന്‍ നാരങ്ങാ നീര് സഹായിക്കും. തലയില്‍ പുരട്ടാന്‍ ആവശ്യമായ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് കൂട്ടിക്കലര്‍ത്തി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. മുപ്പത് മിനിറ്റു കഴിഞ്ഞ് ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് ഇതു കഴുകിക്കളയാം.

ആപ്പിള്‍ സൈഡര്‍ വിനഗര്‍
തലയോട്ടിയുടെ പിഎച്ച് നില സന്തുലിതമാക്കാന്‍ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍. ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും കൂട്ടിയോജിപ്പിക്കുക. തല കഴുകിയ ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം ഇത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

മുട്ടയുടെ മഞ്ഞക്കുരു 
മുട്ടയുടെ മഞ്ഞക്കരു തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഷവര്‍ ക്യാപ് അല്ലെങ്കില്‍ പ്‌ളാസ്റ്റിക് ബാഗ് ഉപയോഗിച്ച് തല മൂടുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം. മുട്ടയുടെ ഗന്ധം ഒഴിവാക്കുന്നതിന് ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകാവുന്നതാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിന്‍ താരനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കും.

വെളുത്തുള്ളി
വെളുത്തുള്ളിയുടെ ആന്റിഫംഗസ് ഗുണം താരനെതിരെ പ്രവര്‍ത്തിക്കും. വെളുത്തുള്ളി ചതച്ചത് തേനുമായി ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയാം.

ഒലിവെണ്ണ
വെളിച്ചെണ്ണയും ഒലിവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഇതിലെ ചേരുവകളെല്ലാം നല്ല കണ്ടീഷനറുകളും ആയതിനാല്‍, ഇത് മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം ഇത് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

കറ്റാര്‍ വാഴ 
കറ്റാര്‍ വാഴയ്ക്ക് ഫംഗസിനും ബാക്ടീരിയയ്ക്കും എതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍ ഇത് താരനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കും. കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം.

 കടപ്പാട് : മാതൃഭുമി


താരനകറ്റാന്‍ ഏഴ്......

Read more at: https://www.mathrubhumi.com/health/hair-and-beauty/get-rid-of-dandruff-easily--1.3412406