വിജയകരമായാൽ മൂന്നു വർഷത്തിനകം വിപണിയിൽ!

അർബുദ ചികിത്സാരംഗത്ത് അദ്‌ഭുതകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ. കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവയ്ക്കാവുന്ന മരുന്നാണ് എലികളിൽ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറിയത്. പരീക്ഷണം വിജയകരമായാൽ മൂന്നു വർഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
നാട്ടിൽ സർവ സാധാരണമായി കാണുന്ന ഒരു ചെടിയിൽ നിന്നുള്ള ഏക തന്മാത്രാ രാസപദാർഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാർഥങ്ങൾ ചില സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ കുത്തിവയ്പിലൂടെ ശരീരത്തിലേക്ക് നേരിട്ടു കടത്തിവിടാനാവില്ല. ഇവിടെ ഗവേഷകർ സസ്യപദാർഥത്തിലെ പ്രോട്ടീനും ആൽബുമിനുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളിൽ കൂടി കുത്തിവയ്ക്കാം.
മനുഷ്യരിൽ ഈ മരുന്നിന്റെ ഫലം വിലയിരുത്തിയ ശേഷമാകും വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുക. ഏറെ ചിലവേറിയതിനാൽ കൂടുതൽ പരീക്ഷണങ്ങൾക്കും മറ്റുമായി ഒരു സ്വകാര്യ കമ്പനിക്ക് ഗവേഷണഫലം കൈമാറി. ചെടിയെക്കുറിച്ചുള്ളതുൾപ്പെടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ല. എസ്‌സിടിഎസി 2010 എന്നാണു മരുന്നിന് പേരു നൽകിയിരിക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായി ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണു മരുന്ന് വികസിപ്പിച്ചത്. ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് ഗവേഷണത്തിന് പിന്നിൽ. 2010 ൽ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
ശ്രീചിത്രയിലെ ഗവേഷകരും മെഡിക്കൽ റിസർച്ച് കൗൺസിലും ചേർന്നു കണ്ടുപിടിത്തത്തിന് പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. എലികളിൽ ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമായി ഉപയോഗിക്കുകയുണ്ടായി. എന്നാൽ മനുഷ്യരിൽ ഏതൊക്കെ തരം അർബുദത്തിന് ഈ മരുന്ന് ഉപയോഗിക്കാനാകുമെന്നത് വിശദമായ പരീക്ഷണങ്ങൾക്ക് ശേഷമേ പറയാനാകൂ.

source : vanitha