മുട്ട എക്കാലത്തും ഒരു വിവാദ ഭക്ഷണമാണ്. അതുകൊണ്ട് തന്നെ എന്നും മുട്ടകഴിക്കാമോ എന്ന ചോദ്യത്തിന് ഉത്തരവും പലതാണ്.
മുട്ടയിലെ പൂരിത കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവയാണ് ആരോഗ്യകാര്യത്തില്‍ മുട്ടയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒരു മുട്ടയില്‍ മാത്രം 200 മി.ഗ്രാമിലധികം കൊളസ്‌ട്രോളുണ്ട്. എന്നാല്‍ ആരോഗ്യപരമായ ദൈനംദിന കൊളസ്‌ട്രോള്‍ അളവ് കൊളസ്‌ട്രോള്‍ 300 മി.ഗ്രാമില്‍ താഴെയാണ്. അപ്പോള്‍ ഒരു ഡബിള്‍ ഓംലെറ്റിന്റെ കാര്യമോ?!
മുട്ടയുടെ വെള്ളക്കരു പ്രോട്ടീന്‍ സമൃദ്ധമാണ്. എന്നാല്‍ അതിലെ മഞ്ഞക്കരുവാണ് അതിനെ വിലക്കപ്പെട്ട കനിയാക്കുന്നത്. കൊളസ്‌ട്രോള്‍ കൂടിയ ഭക്ഷണങ്ങളില്‍ രണ്ടാം സ്ഥാനമാണ് മുട്ടയുടെ മഞ്ഞക്കരുവിന്. ഒരൊറ്റ മഞ്ഞക്കരുവില്‍ മാത്രം ഏതാണ്ട് 210 മി.ഗ്രാം കൊളസ്‌ട്രോളുണ്ട്. 1.6 ഗ്രാം പൂരിത കൊഴുപ്പും 55 കാലറിയുമുണ്ട്. ഈ ഘടകങ്ങളാണ് മഞ്ഞക്കരുവിനെ ഹൃദയാരോഗ്യത്തിന് ഭീഷണിയാക്കുന്നത്.100 ഗ്രാം മഞ്ഞക്കരുവില്‍ 1085 മി.ഗ്രാം കൊളസ്‌ട്രോളാണ് അടങ്ങിയിട്ടുള്ളത്.

കൊളസ്‌ട്രോളുണ്ടാക്കുന്ന മറ്റ് വിഭവങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഇല്ലെങ്കില്‍ ദിവസവും ഒരു മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ മുന്നോട്ട് വെയ്ക്കുന്ന മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍ ഹൃദയധമനീ രോഗങ്ങള്‍ ഉള്ളവര്‍ മുട്ട കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.
അധ്വാനം കുറഞ്ഞ വ്യായാമമില്ലാത്ത ഒരു സമൂഹത്തില്‍ മുട്ട ഒരു ആവശ്യഭക്ഷണമല്ലെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. ആരോഗ്യമുള്ളയാള്‍ ദിവസം ഒരു മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നതാണ് അപാകതയിലേക്ക് നയിക്കുന്നത്. നന്നായി വ്യായാമം ചെയ്യുന്ന ഒരാള്‍ ദിവസം ഒരു മുട്ടയിലധികം കഴിക്കുന്നത് അപകടകരമല്ല.

എന്നാല്‍ അതെങ്ങനെ, എന്തിനൊപ്പം ചേര്‍ത്ത് കഴിക്കുന്നു എന്നതിനെ അനുസരിച്ചാണ് ഗുണവും ദോഷവും നിശ്ചയിക്കുന്നത്. ചീസ് വെച്ച മൈദ ബ്രെഡിനൊപ്പമാണ് മുട്ട കഴിക്കുന്നതെങ്കില്‍ അത് നല്ലതല്ല, അളവും പ്രധാനം തന്നെ. രാവിലേയും വൈകുന്നേരവും ഒരോ ഡബിള്‍ ഓംലെറ്റ് കഴിക്കുന്നത് പോലുള്ള ശീലങ്ങള്‍ പാടെ നിര്‍ത്തുക തന്നെ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം.

source : arogyamlife