സ്തനാര്‍ബുദനിര്‍ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം, പരീക്ഷണം വിജയം

കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് രോഗികളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയം. 117 രോഗികളുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഇതിനായി രൂപകല്പന ചെയ്ത വെയറബിള്‍ സ്‌ക്രീനിങ് ഉപകരണം (ബ്രാ) ഉടന്‍ വിപണിയിലെത്തും. മൊറോട്ട ബിസിനസ് എന്‍ജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയിലെത്തിക്കാന്‍ നടപടി തുടങ്ങി. സിമേറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ.സീമയാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.
രോഗമുള്ളവര്‍ ബ്രാ ധരിച്ചാല്‍ സ്തനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സിമേറ്റ്, സിഡാക്ക്, കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഇതുപയോഗിച്ചാല്‍ വേദനയോ ബുദ്ധിമുട്ടോ ഇല്ലെന്ന് ധരിച്ചവര്‍ പറഞ്ഞു. പൊതുവെ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് മാമോഗ്രാഫി പരിശോധനയാണ് നടത്തുന്നത്. ബ്രാ വരുന്നതോടെ ഇതുപയോഗിച്ച് സംശയമുള്ളവര്‍ രോഗസ്ഥിരീകരണത്തിന് മാമോഗ്രാഫി പരിശോധന നടത്തിയാല്‍ മതി.
രോഗികളോടൊപ്പം 200 വൊളന്റിയര്‍മാരും ഗവേഷണത്തിന് സഹായികളായി. അരമണിക്കൂര്‍ ബ്രാ ഉപയോഗിച്ചാല്‍ രോഗസാധ്യത തിരിച്ചറിയാം. ബ്രാ വിപണിയിലെത്തിയാല്‍ ഒരാള്‍ക്ക് പരിശോധന നടത്താന്‍ 50 രൂപയില്‍ താഴെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സീമ പറഞ്ഞു.
വസ്ത്രം കഴുകി വീണ്ടും ഉപയോഗിക്കാം. സ്ത്രീകളില്‍ കാണുന്ന അര്‍ബുദത്തില്‍ ഭൂരിഭാഗവും സ്തനാര്‍ബുദമാണ്. 2014 മുതല്‍ 2018 വരെയായിരുന്നു ഗവേഷണകാലാവധി. മൂന്നരക്കോടി രൂപയാണ് ചെലവായത്. രോഗം പ്രാരംഭദശയില്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഗവേഷണത്തെ മുന്‍നിര്‍ത്തി ഇത്തവണത്തെ നാരീശക്തി പുരസ്‌കാരം ഡോ. സീമയ്ക്ക് ലഭിച്ചിരുന്നു. എല്ലുകളിലെ മുഴ നീക്കിയാല്‍ പകരം റോഡ് വെക്കുന്നതിനെക്കുറിച്ചുള്‍പ്പെടെ ഗവേഷണം നടക്കുന്നതായി സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
source:mathrubhumi