ലണ്ടനിൽ ഒരു രോഗി മൂലകോശം മാറ്റിവച്ചതോടെ എച്ച്ഐവി വിമുക്തനായെന്ന വാർത്ത വലിയ ചർച്ചകൾക്കാണു വഴിയൊരുക്കിയത്. ലോകത്തു മൂന്നരക്കോടിയിലധികം പേരെ ബാധിച്ച മഹാമാരിയെ ചങ്ങലയ്ക്കിടാൻ മൂലകോശം മാറ്റിവയ്ക്കൽ ചികിൽസയ്ക്കാകുമോ എന്നതായിരുന്നു പ്രധാനചോദ്യം. എന്നാൽ ഇതിന്റെ ഫലപ്രാപ്തിക്കെതിരെ ഭിന്നാഭിപ്രായങ്ങളാണു പിന്നീട് ഉയർന്നുകേട്ടത്.
തുണച്ചത് ജനിതകമാറ്റം

ലണ്ടനിലെ യുവാവ് ഉൾപ്പെടെ മൂലകോശചികിത്സ വഴി എച്ച്ഐവി ബാധ മാറിയ രണ്ടുപേരും ബ്ലഡ് കാൻസർ രോഗികളായിരുന്നു. കാൻസർ ചികിൽസയുടെ ഭാഗമായി രക്തത്തിന്റെ മൂലകോശം മാറ്റിവച്ചു. ഭാഗ്യത്തിന് എച്ച്ഐവിയും മാറി. ഇവരുടെ കാര്യത്തിൽ തുണയായത് മൂലകോശദാതാക്കളുടെ പ്രത്യേകതയാണ്. ശരീരത്തിലെ പ്രതിരോധകോശമായ ടി–സെല്ലിനെ മറികടന്നാണ് എച്ച്ഐവി പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഇത്തരം കോശങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരികയും കോശങ്ങളുടെ എണ്ണം 200ൽ കുറയുന്ന പക്ഷം എയ്ഡ്സ് എന്ന നിലയിലേക്ക് എത്തുകയും ചെയ്യുന്നു. എച്ച്ഐവിയുടെ ഏറ്റവും മാരകമായ അവസ്ഥ.
സിസിആർ5 എന്ന പ്രത്യേക ജൈവതന്മാത്ര എച്ച്ഐവി വൈറസിന് ആവശ്യമാണ്. എച്ച്ഐവി രോഗികളിൽ 50 ശതമാനം കേസുകളിലും ഇതായിരുന്നു സ്ഥിതി.‌ എന്നാൽ ഉത്തരയൂറോപ്പിലെ 10 ശതമാനം ആളുകളിൽ സിസിആർ5 നു ജനിതകമാറ്റം ഉണ്ടായിട്ടുണ്ടെന്നു ശാസ്ത്രജ്‍ഞർ പറയുന്നു. ഇതിനാൽ ഇവർക്ക് എച്ച്ഐവി ബാധയുണ്ടാകില്ല.ഇത്തരത്തിലുള്ള വ്യക്തികളിൽ നിന്നാണു രോഗം മാറിയവർ മൂലകോശം സ്വീകരിച്ചത്. പുതുതായി എത്തിയ എച്ച്ഐവി–വിരുദ്ധ കോശങ്ങൾ രോഗബാധ പൂർണമായും മാറ്റി.
എതിർപ്പുകൾ 

2008ല്‍ ബർലിനില്‍ തിമോത്തി റേ ബ്രൗൺ ആണു മൂലകോശ ചികിൽസ വഴി എച്ച്ഐവി സുഖപ്പെട്ട ആദ്യ വ്യക്തി. എന്നാൽ അതികഠിനവും വേദനാജനകവുമായ ചികിൽസ വേണ്ടിവന്നു. രണ്ടു തവണ മജ്ജ മാറ്റിവച്ചു. വിഷാംശം കൂടുതലുള്ള മരുന്നുകൾ കഴിക്കേണ്ടിയും വന്നു. എന്നാൽ ലണ്ടൻ യുവാവിന് അത്രയ്ക്കു പരാധീനതകൾ അനുഭവിക്കേണ്ടി വന്നില്ല.ബർലിനിലെയും ലണ്ടനിലെയും ചികിത്സാ വിജയങ്ങൾക്കിടയിലെ പത്തു വർഷക്കാലത്തു കുറച്ചുപേർ ഇതേ രീതി പരീക്ഷിച്ചു പരാജയപ്പെട്ടിരുന്നു. പകുതി കേസുകളിലും എച്ച്ഐവി വൈറസിനു വളരാൻ സിസിആർ5 ആവശ്യമില്ലെന്നതും പരാജയസാധ്യതയ്ക്കു കാരണമാണ്.
എച്ച്ഐവി വിമുക്തിക്കു മൂലകോശ ചികിൽസാരീതി ഉപയോഗിക്കുന്ന കാര്യത്തിൽ വിദഗ്ധർ രണ്ടു പക്ഷത്താണ്. കലിഫോർണിയ സർവകലാശാലയിലെ പ്രഫ. സ്റ്റീവൻ ഡീക്സിന്റെ അഭിപ്രായത്തിൽ, എച്ച്ഐവിയോടൊപ്പം കാൻസർബാധയും വേട്ടയാടുന്നവരിൽ മാത്രമേ ഈ ചികിത്സ ഉപയോഗിക്കാൻ പാടുള്ളൂ.ഇന്ന് എച്ച്ഐവിയിൽനിന്നു പൂർണമുക്തി സാധ്യമല്ലെങ്കിലും രോഗത്തെ നിയന്ത്രിച്ചുനിർത്താൻ മരുന്നുകൾക്കു കഴിവുണ്ട്.1983ൽ എച്ച്ഐവി ആദ്യമായി കണ്ടെത്തുമ്പോൾ മരണത്തിലേക്കു നേരിട്ടുള്ള ക്ഷണക്കത്തായിരുന്നു അത്. ഒട്ടേറെപ്പേർ രോഗത്തിനു കീഴടങ്ങുകയും ചെയ്തു. 1987ൽ എസെഡ്ടി എന്ന പേരിൽ ആദ്യ മരുന്നും പിന്നീട് രോഗത്തെ നിയന്ത്രണത്തിൽ നിർത്താൻ ആന്റി റെട്രോവൈറൽ തെറപ്പി ചികിത്സാരീതിയും വന്നു.  രോഗിക്കു സാധാരണ ജീവിതം നയിക്കാൻ ഇവ പര്യാപ്തമാണെന്നു ഡോക്ടർമാർ പറയുന്നു. അപകടകരവും ഫലത്തിന്റെ കാര്യത്തിൽ പൂർണ ഉറപ്പില്ലാത്തതുമായ മൂലകോശം മാറ്റുന്ന ചികിത്സാരീതി നിലവിൽ പ്രായോഗികമല്ലെന്നാണ് ഈ വാദത്തിന്റെ പ്രയോക്താക്കൾ പറയുന്നത്.
പ്രതീക്ഷയായി സിസിആർ5

ലണ്ടനിലെ യുവാവിലും രോഗം മാറിയതോടെ എച്ച്ഐവി നിർമാർജനത്തിനു ശ്രമിക്കുന്ന വിദഗ്ധർക്കിടയിൽ സിസിആർ5 പുതിയ പ്രതീക്ഷയിയായിട്ടുണ്ട്. മജ്ജ മാറ്റിവയ്ക്കൽ പോലെയുള്ള സങ്കീർണരീതികൾക്കു പകരം, സിസിആർ5 ജൈവ തന്മാത്ര അടിസ്ഥാനമാക്കിയുള്ള ലളിത ചികില്‍സാരീതികൾ വികസിപ്പിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.

source: manorama online